ഹാഫിസ് മുഹമ്മദിനോടൊപ്പം - report

പ്രൗഢമനോഹരമായ ആവിഷ്കാരം, വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ച്ചെല്ലുന്ന വിശകലനം, സാമൂഹിക പശ്ചാത്തലങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന നിരീക്ഷണങ്ങൾ, അനുഭവങ്ങളുടെ സമ്പന്നതയിൽ നിന്നും ഉരുത്തിരിയുന്ന ഉദാഹരണങ്ങൾ - എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ Dr. ഹാഫിസ് മുഹമ്മദിന്റെ സംഭാഷണം ഇങ്ങനെ ഒക്കെ ആയിരുന്നു. ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം അനുവാചകരെ വഹിച്ചുകൊണ്ട് പോയി. ആ യാത്രയിൽ മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാരെ കണ്ടും കേട്ടും വളർന്ന ബാല്യ കൗമാരങ്ങൾ, എഴുത്തിലേക്കുള്ള കാൽ വയ്പ്പ്, ഉത്തമ  ബാലസാഹിത്യത്തിന്റെ ദൂരവ്യാപകമായ പ്രസക്തി, എഴുത്തുകാരന്റെ സാമൂഹിക ഉത്തരവാദിത്തങ്ങൾ, ഔദ്യോഗിക/അധ്യാപക ജീവിതം, സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള ഇടപെടലുകൾ, തുടങ്ങി അനേക വിഷയങ്ങൾ  വന്നു പോയി.

കുട്ടികളുടെ മനസ്സറിയുന്നവർക്കു മാത്രമേ അവർക്കുവേണ്ടി സഫലമായി എഴുതാൻ സാധിക്കുകയൊള്ളു. എന്തും നേരിട്ട് ആഗീരണം ചെയ്യുന്ന ബാല മനസ്സുകളിലേയ്ക്ക് പകർന്നു കൊടുക്കുന്നത്, മത കാര്യമാണെങ്കിൽ പോലും, അതിലെ നന്മയുടെ പാഠങ്ങൾ മാത്രമേ ആകാവൂ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വെറുപ്പല്ല, സഹിഷ്ണുതയാണ് പകരേണ്ടത്. വായനയുടെ തോത് ജനസംഖ്യനുപാതികമായി കൂടിയിട്ടില്ല എന്നത് പ്രസിദ്ധീകരണത്തിന്റെ കണക്കുകൾ വെളിവാക്കുന്നു. പണ്ടു പുസ്തകങ്ങൾ സമ്മാനമായി കൊടുക്കുമായിരുന്നു. ഇന്ന് ചൈനയിൽ നിർമ്മിച്ച വിലകുറഞ്ഞ ട്രോഫികൾ സമ്മാനമായി നൽകപ്പെടുന്നു. പുസ്തകങ്ങൾ വഴികാട്ടികളാണ് - അദ്ദേഹം പറഞ്ഞു.

ഡോസ്റ്റോസ്‌കി യുടെ 'കാരമസോവ് സഹോദരങ്ങൾ' പോലുള്ള ഇരുട്ടിന്റെ കഥകളിൽ  പോലും അതിലെ  നന്മയുടെ വെളിച്ചമാണ് പ്രസക്തം. മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ഉറൂബ് എഴുതിയ 'സുന്ദരികളും സുന്ദരന്മാരും' ഇതുപോലെയുള്ള മറ്റൊരു ഉദാഹരണമാണ്. ഉമ്മാച്ചുവിനെ വായനക്കാർ വെറുക്കാത്തതും ഈ നന്മയുടെ വെളിച്ചമുള്ളതുകൊണ്ടാണ്. 

എഴുത്തുകാർ പ്രവചനപരത ഉള്ളവരാകയാൽ, സമൂഹത്തിലെ അപകടകരമായ പ്രവണതകൾക്കെതിരെ മുന്നറിയിപ്പു നൽകേണ്ടവരാണെന്നും, അതിനെതിരെ ഉറച്ച നിലപാടുകൾ എടുക്കേണ്ടവരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമൂഹത്തിലെ അനാചാരങ്ങളും, ദുർവൃത്തികളും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. 

സമൂഹത്തിൽ നിലനിന്നിരുന്ന അനേകം ആചാരങ്ങളെ ലംഘിച്ചുകൊണ്ടാണ് ആധുനിക കേരളം ഉണ്ടായത്. ശ്രീ നാരായണ ഗുരുവിനെ പോലുള്ളവർ നിലവിൽ ഉണ്ടായിരുന്ന ആചാരങ്ങളെ ഖണ്ഡിച്ചുകൊണ്ടാണ് സമൂഹത്തിൽ പരിവർത്തനമുണ്ടാക്കിയത്. ദൈവത്തിന്റെ നാടുപോലെ, തുറിച്ചു നോക്കുന്നവരുടെയും നാടായ കേരളത്തിൽ, സ്ത്രീകളെ അവരുടെ സ്വാഭാവികമായ ശാരീരിക പ്രവർത്തനമായ ആർത്തവത്തിന്റെ പേരിൽ വിലക്കുന്നത് പുരോഗമനപാതയിലുള്ള തിരിച്ചുപോക്കാണ്. ഇഷ്ടമുള്ള വസ്ത്രം സ്ത്രീകൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ സ്ത്രീകൾ ബുർഖ ധരിക്കണം എന്നു മതം നിർബന്ധം പിടിക്കുമ്പോൾ അത് എതിർക്കപ്പെടേണ്ടതാണ്. 

പതിന്നാലു ലിറ്റർ മദ്യം പ്രതിശീർഷ ഉപഭോഗം ചെയ്യുന്ന കേരളീയ ജനത, മദ്യപാനത്തിന്റെ അപകടകരമായ മേഖലകളിലൂടെ കടന്നു പോവുകയാണ്. മദ്യപാനത്തിൽ മലയാളികൾ പലപ്പോഴും ഇന്ത്യയിലെ മദ്യപരിൽ മുന്നിൽ നിൽക്കുന്നു. മദ്യപാനം മാനസികമായും, കുടുംബപരമായും, സാമൂഹികപരമായും, ശാരീരികമായും ദോഷമുണ്ടാക്കുന്നു. social drinkers എന്നറിയപ്പെടുന്ന മദ്യപാനികളിൽ 20% അഡിക്റ്റഡായി / ആസക്തി ഉള്ളവരായി മാറുന്നു. ഇത് ആഗോള പഠനങ്ങൾ ശരിവയ്ക്കുന്നു. അമിത മദ്യപാനം മൂലം ശിഥിലമാകുന്ന കുടുംബങ്ങൾ കേരളത്തിൽ വർധിച്ചു വരികയാണ്. മദ്യപാനികളുടെ കുടുംബാംഗങ്ങളോടു രഹസ്യമായി ചോദിച്ചാൽ, അവർ തുറന്നു പറയുമെങ്കിൽ, മദ്യപാനം നഷ്ടപ്പെടുത്തുന്ന ജീവിത സുഖം, സന്തോഷം എത്രയോ വലുതാണെന്ന് അറിയാൻ കഴിയും. മദ്യപാന വിമുക്തരുടെ ആഗോള സംഘടനയായ Alcoholics Anonymous എന്ന  പ്രസ്ഥാനത്തെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. 

(പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയവരോട്  ആത്മാർഥമായി  സഹതപിക്കുന്നു.)

 

View Related Article

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial