വീണ്ടും രസാലങ്ങൾ പൂക്കുമോ..report

സഞ്ചാരം  --- പാർവതീപുരം മീര 

ചക്രവാളം തുപ്പും ചവറുകൾ നിറയും ആഴികൾ
ചക്രം തിരിയും തീരത്ത് പൂക്കളം മായ്ക്കും വെണ്‍ തിരകൾ
എരിയുന്ന ചുടു കാട്ടിൽ തുടിക്കും അസ്ഥികൾ;
കള്ളൻ കാലന്റ കയൂക്കിൽ എരിഞ്ഞടങ്ങും സൂര്യ കാമങ്ങൾ
സത്യം കാവൽ നില്ക്കും കബന്ധങ്ങളോ തിരയുന്നു
ചെഞ്ചോര ഞൊറിഞ്ഞു ടുക്കും പട്ടിണി വയറിന്റെ ചൂടുള്ള തണുപ്പും
കാലത്തിന്റെ ചെങ്കോൽ കാട്ടുന്ന വഴികളിൽ ഇന്നാടുന്ന കോമരങ്ങൾ
നേരിന്റ മാറത്തു മുഖം പൊത്തി അലറുന്നു
അടവുകൾ തിമർത്താടും സഞ്ചാരികൾ
എന്നിട്ടവരെ ഒതുക്കത്തിൽ പുണരുന്നു യാമിനി
അവളെ ചുംബിച്ചു ചുംബിച്ചു തളരുന്ന ചുണ്ടുകൾ
ഇനിയും കൊതിയോടെ ചൊല്ലുന്നു ചുണ്ടുകൾ
വീണ്ടും രസാലങ്ങൾ പൂക്കുമോ  

 

രാസാലങ്ങൾ പൂത്ത കാലം - ഒപ്പം പ്രണയവും --- Murali Mukundan

വീണ്ടും രാസാലങ്ങൾ പൂത്തല്ലോയെൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ പൂക്കാവടികൾ പോലവെ ...
ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരുമധുരം ...
ഉണ്ടമാങ്ങയും , പുളിയനും , പേരക്കമാങ്ങയും , കിളി
ചുണ്ടനും ,മൂവാണ്ടനും കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളം ,ഒരു മാവുയരത്തിലെന്നുമെപ്പോഴും ...!
കൊണ്ടുപോകുമോ... നീയ്യെന്നെയെൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..? ഒപ്പം
മിണ്ടിപ്പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോയവിടെയിപ്പോഴും ..? !  

 

കട്ടന്‍കാപ്പിയും കവിതയും 16/03/2014 സായാഹനം ( A report by Murukesh Panayara )  


കട്ടന്‍ കാപ്പിയുടെ മാര്‍ച്ചുമാസ കൂട്ടായ്മ ഇന്നലെ നടന്നു.പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും ക്രിയാത്മക സംഭാവനയും ഔപചാരികതയുടെ മൂടുപടം ഇല്ലാതെയുള്ള ചര്‍ച്ചകളും പരിപാടി ആദ്യന്തം അതീവ ഹൃദ്യമാക്കി.   കഥകളും കവിതയും ലേഖനങ്ങളും ചിത്രകലയും ഒക്കെ ചര്‍ച്ച ചെയ്ത സായാഹ്നത്തെ പതിവുപോലെ പ്രിയന്‍ നയിച്ചു. ശ്രീ മണമ്പൂര്‍ സുരേഷ് , ശ്രീമതി മീരാകമല , ശ്രീ അനിയന്‍ കുന്നത്ത്, ശ്രീ സജീവ്‌ ലാല്‍ എന്നിവര്‍ സ്വന്തം കവിതകള്‍ വായിച്ചു.   ശ്രീ മണമ്പൂരിന്റെ കവിത ലളിത പദ ഭംഗിയും അകളങ്ക ബാല്യ ചിന്തയുടെ സൌകുമാര്യവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈണം ഇഴചേര്‍ന്ന ശീലുകളും കൊണ്ട് ഹൃദയഹാരിയായി. ശ്രീ പ്രകാശ് രാമസ്വാമിയും ശ്രീ ഫ്രാന്‍സിസ് ആഞ്ചിലോസും ശ്രീ പ്രിയനും വാദ്യോപകരണങ്ങളുമായി ഒപ്പം കൂടുകയും ശ്രീ നാരായണന്‍ നായര്‍ ശ്രീ സുശീലന്‍ തുടങ്ങി എല്ലാപേരും അലാപനവുമായി ഒരുമിക്കുകയും ചെയ്തപ്പോള്‍ മണമ്പൂര്‍ കവിത രണ്ടാം അവതരണത്തില്‍ കാതുകളിലൂടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി.   ശ്രീമതി മീരാകമലയുടെ കവിത '' വീണ്ടും രസാലങ്ങള്‍ പൂക്കുമോ'' എന്ന സൂചനയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതായിരുന്നു. കവിതയെ ഗൌരവ മനോ വ്യപാരങ്ങളുടെയും മനന പ്രക്രിയയുടെയും അന്തിമോല്‍പ്പന്നമായി കാണുന്ന ആളാണ്‌ താന്‍ എന്ന പ്രഖ്യാപനത്തിന്റെ ആര്‍ജ്ജവ ഭംഗി അലയടിച്ച വരികളില്‍ സ്വാഭാവികമായ ബിംബവല്‍ക്കരണത്തിന്റെ മികവും നിറഞ്ഞു നനിന്നു.   ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍ കവിത.   ശ്രീ സജീവ് ലാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും മേല്‍ പ്രകൃതി നടത്തുന്ന ഒരെത്തിനോട്ടം ആയാണ് തന്‍റെ കവിതയെ ഒരുക്കിയിരുന്നത്. സ്വാര്‍ത്ഥ ജീവിയായ മാനവന് നിസ്വാര്‍ഥ സ്നേഹ പ്രതീകമായ ഒരു മരം ചെയ്യുന്ന നന്മയുടെയും അതിനു ആധാരമായ മര മനസ്സും അനാവൃതമാകുന്ന 'വൃക്ഷവിലാപം ' ആയിരുന്നു ആ കവിത. സ്വതസിദ്ധമായ ആലാപന ഭംഗികൊണ്ടു സജീവ്‌ ലാല്‍ ആ കവിത സോദാക്കളുടെ മനസ്സില്‍ കോറിയിട്ടു.   ശ്രീ സുശീലന്‍ സുഹൃത്തുകള്‍ക്കൊപ്പം ആലപിച്ച ചടുലമായ പഴയ കാമ്പസ് കവിത പഴയ കാമ്പസ് ചിന്തകള്‍ക്ക് ഇന്നും വേറിട്ട നിറക്കാഴച്ചയും നിര്‍മ്മല പ്രണയ ഭംഗിയും ഉണ്ടെന്നു വിളിച്ചു പറഞ്ഞു. കുറെ നേരം നാം ഗതാകാലങ്ങളിലേക്ക് കുടിയേറി പ്രിയ കാമ്പസിലെ തണല്‍ മര ചോടുകളില്‍ ചാഞ്ഞിരുന്നു. നമുഉടെ ഓരോരുത്തരുടെയും ചാരത്തു പ്രിയപ്പെട്ട ഓരോരുത്തര്‍ ഉണ്ടായിരുന്നു.....   ശ്രീ മുരളീ മുകുന്ദന്‍ തന്റെ കവിതയും അനുഭവവും ഒരുമിച്ചാണ് വായിച്ചത്. താന്‍ ഇന്നും പഴയ പ്രണയത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നു എന്നും അത് കെടാതെ കൊണ്ട് നടക്കുന്നു എന്നും ഉള്ള പ്രഖ്യാപനം ആര്‍ജ്ജവമുള്ള ഒന്നായിരുന്നു .ഒപ്പം ചങ്കൂറ്റം നിറഞ്ഞതും.   ശ്രീ പദീപ് കുമാര്‍ തയ്യാറാക്കി കൊണ്ടുവന്ന കയ്യെഴുത്തു മാസിക ഞങ്ങളെ എല്ലാപേരെയും അത്ഭുതപ്പെടുത്തുന്ന മികവുള്ളതായി. ആ മാസിക പ്രകാശനവും നടന്നു. ശ്രീ പ്രദീപ്‌ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ കയ്യെഴുത്തു മാസികയെ കുറിച്ച് സവിസ്തരം ഒരു ലേഖനം ഉണ്ടാകുന്നതാണ്.   പരിപാടിയില്‍ ശ്രീ ലാസര്‍ മുളക്കല്‍ പ്രധാന അതിഥി ആയിരുന്നു.   മനസ്സില്‍ ചൈതന്യ ധാരയാകുന്ന അടുത്ത കൂട്ടം ചേരല്‍ ഏപ്രില്‍ 27 ഞായര്‍ ദിവസം ക്രോയ്ടോന്‍ ആര്‍ച് ബിഷപ്‌ ലാന്ഫ്രാന്ക് സ്കൂളില്‍ വച്ച് നടക്കും.       


ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ഇക്കുറി പഴയ 'പാദപൂരണം' പരീക്ഷിക്കുന്നു. ഒരു വരി ഇതാ. 'വീണ്ടും രസാലങ്ങൾ പൂക്കുമോ...' ഇനിയുള്ള വരികൾ നിങ്ങൾക്കെഴുതാം; ആദി മദ്ധ്യാന്തങ്ങളിൽ എവിടെയോ. മാർച് 16 ന് ക്രോയ് ഡോണിൽ നടക്കുന്ന കട്ടൻ കാപ്പിയുടെ ഒത്തുചേരലിൽ നിങ്ങൾക്കു തന്നെ നിങ്ങളുടെ കവിത അവതരിപ്പിക്കാം. അഥവാ വരാൻ പറ്റില്ല എങ്കിൽ ഞങ്ങൾ നിങ്ങൾക്കു വേണ്ടി അത് അവതരിപ്പിക്കും. ശ്രദ്ധേയമായ രചനകൾ ഈ വെബ്‌ സൈറ്റിൽ പ്രകാശനം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ രചന This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ മുൻകൂട്ടി അയച്ചു തരിക. ഓർക്കുക, ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ഈ മാസത്തെ ഒത്തു ചേരലിന്റ അജണ്ട. ആനുകാലികം, മലയാള ചെറുകഥ 2000 നു ശേഷം, പങ്കെടുക്കുന്നവരുടെ രചനകൾ, മറ്റു സാഹിത്യ വിഷയങ്ങൾ, സംഘ ഗാനം.

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial