Kattankaappi May 2014 Session at Croydon - report

ഭൂമിയുടെ അവകാശികൾ ഈ തലമുറയിലെ മനുഷ്യർ  മാത്രമാണെന്നു ധരിച്ചു പോകുന്നതു കൊണ്ടാവാം പരിസ്ഥിതി തകിടം മറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ മനുഷ്യൻ മുഴുകുന്നത്. ഇതു വികസനമല്ല, മറിച്ചു വരും തലമുറകളോടും ഇതര ജീവജാലങ്ങളോടുമുള്ള ദ്രോഹമാണ് . സുഗത കുമാരിയുടെ 'പശ്ചിമ ഘട്ടം' മണമ്പൂർ സുരേഷ്  അവതരിപ്പിച്ച ശേഷ മുണ്ടായ  ചർച്ചയിൽ  ഉരുത്തിരിഞ്ഞു വന്നത്  മേലുദ്ധരിച്ച ആശയങ്ങളായിരുന്നു. വയനാടൻ കാടുകൾ കത്തി അമർന്നപ്പോൾ ചാരമായി മാറിയ ജീവനുകൾക്കു പകരം വയ്കാൻ മറ്റൊന്നില്ല എന്നും ഇതോടൊപ്പം ഓർക്കേണ്ടതാണ്. കുറേ നാളുകൾക്കു ശേഷം കട്ടൻകാപ്പിയിൽ C V ബാല കൃഷ്ണന്റ കഥ വീണ്ടും പരാമർശ വിഷയമായി. 'അതെ, ഒരു പ്രഹേളിക' എന്ന കഥ ഫ്രാൻസിസ് അൻജിലോസ്  അവതരിപ്പിച്ചപ്പോൾ മാറിവരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ യഥാർത്ഥ ചിത്രമായി മാത്രമേ പലർക്കും അത് അനുഭവപ്പെട്ടോള്ളൂ . അനിയൻ കുന്നത്ത്  സ്വന്തം കവിതയായ 'ഇവളെനിക്കാര്' അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തായ സന്തോഷ് ശിവന്റ ആലാപനത്തിൽ കവിത വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. നാരായണൻ അവതരിപ്പിച്ച 'വേർപാടിന്റ വേദന' എന്ന അനുഭവം, തിളങ്ങുന്ന ഒരു കണ്ടെത്തലായിരുന്നു. അതോടു കൂട്ടി വായിക്കാൻ സ്വന്തം അനുഭവങ്ങൾ നജീബും സിസിലി അന്റിയും മുരളിയും നിരത്തി വച്ചു. സ്കൂൾ കാലഘട്ടത്തിലെ സൗഹൃദങ്ങളായിരുന്നു പ്രധാന പ്രമേയം.

സജീവ്‌ ലാൽ ഈണത്തിൽ ആലപിച്ച അമ്മയെക്കുറിച്ചുള്ള സ്വന്തം കവിത, ഞങ്ങളുടെ സഹ യാത്രികനായ പ്രകാശ് രാമസ്വാമിയുടെ അമ്മക്കുള്ള സമർപ്പണമായിരുന്നെങ്കിലും കേൾവിക്കാരെ  അവരുടെ സ്വന്തം അമ്മമാരുടെ  മടിത്തട്ടിലേക്ക്  കുറച്ചു നിമിഷമെങ്കിലും ഓടി ഒളിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റ 'ആനന്ദ ധാര' എന്ന കവിത പ്രദീപ്‌  അവതരിപ്പിച്ചു. "ദുഃഖ മാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്നാനന്ദ മാണെനിക്കോമനെ" - ഹൃദ്യമായ വരികൾ അതിന്റെ വൈകാരികത ഒട്ടും കളയാതെ തന്നെ പ്രദീപ്‌ ചൊല്ലുകയുണ്ടായി.    അന്തരിച്ച മാർകേസും, M V ദേവനും, ഉണ്ണികൃഷ്ണൻ പുതൂരും, ഖുശ് വന്ത് സിങ്ങും, ആദരവോടെ ഓർമ്മിക്കപ്പെട്ടു. വിശ്വവിഖ്യാതനായ ഗബ്രിയേൽ  മാർകേസിന്റ ജീവിത പശ്ചാത്തലം മുരുകേശ് പനയറ അവതരിപ്പിച്ചു. നോബൽ സമ്മാനം ലഭിച്ച 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' സംക്ഷിപ്തമായി ഫ്രാൻസിസ് അൻജിലോസ് അവതരിപ്പിച്ചു. മകൊണ്ടോയിലെ ബുണ്ടിയാ കുടുംബത്തിന്റ ഏഴു തലമുറയുടെ കഥ, കാല ദേശങ്ങൾക്കുപരിയായി വർത്തിക്കുന്നതിന്റ രഹസ്യങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം ഖസാക്കിന്റെ ഇതിഹാസം സമാന മാനങ്ങൾ തേടുന്ന മലയാള നോവലാണെന്നു പറയാൻ മറന്നില്ല. മലയാള നോവലിൽ ദിശാ മാറ്റത്തിന്റെ നാന്ദി ആയിരുന്ന ഇതിഹാസം, ഇംഗ്ലീഷ്  ഭാഷയിലേക്ക്  മൊഴിമാറ്റം നടത്താൻ വൈകിയത്  മലയാളത്തിന്റെ നഷ്ടം.    വാക്കുകളിലൂടെയും അവയ്ക്കിടയിൽ അച്ചടക്കത്തോടെ പ്രതിഷ്ടിച്ച മൗനത്തിലൂടെയും ഒരു ബാലന്റ യുവത്വത്തിലേക്കുള്ള യാത്ര വരച്ചു കാട്ടിയ  'ബാധ കൂടിയ ഉരുവിന്റെ അവസാന യാത്ര' എന്ന മാർകേസിന്റ ചെറുകഥ പ്രിയവ്രതൻ അവതരിപ്പിച്ചു. അതിർവരമ്പുകളില്ലാത്ത ഭാവനയുടെ കുത്തൊഴുക്കിൽ വസ്തുതയും ഭ്രമാത്മകതയും ഇഴുകി ചേരുന്ന തലങ്ങൾ അദൃശ്യ മായിപ്പോകുന്ന അനുഭവം ഈ കഥയുടെ പ്രത്യേകതയാണ് .    'ഛായ' വീണ്ടും സംഭവിച്ചിരിക്കുന്നു. 50 താളുകളുള്ള ഒരു കയ്യെഴുത്തു മാസിക ഒരുക്കൂട്ടുക എന്ന ശ്രമകരമായ ദൗത്യം സ്വയമേറ്റെടുത്ത പ്രദീപിനെ എത്ര ശ്ലാഖിച്ചാലും മതിവരില്ല. ആദ്യ പതിപ്പ് ശൂന്യതയിൽനിന്നെന്നപോലെ കഴിഞ്ഞ ഒത്തുചേരലിൽ പ്രദീപിന്റെ കൈകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത്ഭുതമായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു അത് സംഭവിച്ചത് .  'ഛായ'  യുടെ രണ്ടു പതിപ്പുകൾ കൂടി ഈ വർഷം പുറത്തിറക്കാനും അതിലേക്കായി നിലവാരമുള്ള രചനകൾ കണ്ടെത്താനും തീരുമാനമെടുത്തു.   അറിവിന്റ ഒരുപാടു ശകലങ്ങൾ പങ്കിടാൻ കഴിഞ്ഞതിന്റ ചരിതാർത് ഥ്യമുണ്ടെങ്കിലും സമയ പരിമിതി മൂലം സംഘഗാനം ഏറെ ചുരുക്കേണ്ടി വന്നതിന്റ അസംതൃപ്തി പിരിയുമ്പോൾ ഉണ്ടായിരുന്നു.  

View related article

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial