രാത്രിമഴ പെയ്യുമ്പോൾ

രാത്രിമഴ

രാത്രിമഴ,ചുമ്മാതെ 
കേണും ചിരിച്ചും 
വിതുമ്പിയും നിര്‍ത്താതെ 
പിറുപിറുത്തും നീണ്ട 
മുടിയിട്ടുലച്ചും 
കുനിഞ്ഞിരിക്കുന്നോരു 
യുവതിയാം ഭ്രാന്തിയെപ്പോലെ. 

രാത്രിമഴ,മന്ദമീ- 
യാശുപത്രിക്കുള്ളി- 
ലൊരുനീണ്ട തേങ്ങലാ- 
യൊഴുകിവന്നെത്തിയീ- 
ക്കിളിവാതില്‍വിടവിലൂ- 
ടേറേത്തണുത്തകൈ- 
വിരല്‍ നീട്ടിയെന്നെ - 
തൊടുന്നൊരീ ശ്യാമയാം 
ഇരവിന്‍റെ ഖിന്നയാം പുത്രി. 

രാത്രിമഴ,നോവിന്‍ 
ഞരക്കങ്ങള്‍ ഞെട്ടലുകള്‍, 
തീക്ഷ്ണസ്വരങ്ങള്‍ 
പൊടുന്നനെയൊരമ്മതന്‍ 
ആര്‍ത്തനാദം!.........ഞാന്‍ 
നടുങ്ങിയെന്‍ ചെവിപൊത്തി- 
യെന്‍ രോഗശയ്യയി- 
ലുരുണ്ടു തേങ്ങുമ്പൊഴീ- 
യന്ധകാരത്തിലൂ- 
ടാശ്വാസ വാക്കുമാ- 
യെത്തുന്ന പ്രിയജനം പോലെ. 

ആരോ പറഞ്ഞു 
മുറിച്ചു മാറ്റാം കേടു- 
ബാധിച്ചോരവയവം; 
പക്ഷെ,കൊടും കേടു 
ബാധിച്ച പാവം മനസ്സോ? 

രാത്രിമഴ,പണ്ടെന്‍റെ 
സൗഭാഗ്യരാത്രികളി- 
ലെന്നെച്ചിരിപ്പിച്ച 
കുളിര്‍കോരിയണിയിച്ച, 
വെണ്ണിലാവേക്കാള്‍ 
പ്രിയംതന്നുറക്കിയോ- 
രന്നത്തെയെന്‍ പ്രേമസാക്ഷി. 

രാത്രിമഴ,-ഇന്നെന്‍റെ 
രോഗോഷ്ണശയ്യയില്‍, 
വിനിദ്രയാമങ്ങളി- 
ലിരുട്ടില്‍ തനിച്ചു കര- 
യാനും മറന്നു ഞാ- 
നുഴലവേ,ശിലപോലെ- 
യുറയവേ ദുഃഖസാക്ഷി. 

രാത്രിമഴയോടു ഞാന്‍ 
പറയട്ടെ,നിന്‍റെ 
ശോകാര്‍ദ്രമാം സംഗീത- 
മറിയുന്നു ഞാന്‍;നിന്‍റെ- 
യലിവും അമര്‍ത്തുന്ന 
രോഷവും,ഇരുട്ടത്തു 
വരവും,തനിച്ചുള്ള 
തേങ്ങിക്കരച്ചിലും 
പുലരിയെത്തുമ്പോള്‍ 
മുഖം തുടച്ചുള്ള നിന്‍ 
ചിരിയും തിടുക്കവും 
നാട്യവും ഞാനറിയും; 
അറിയുന്നതെന്തുകൊ- 
ണ്ടെന്നോ?സഖീ,ഞാനു- 
മിതുപോലെ, രാത്രിമഴപോലെ.

പവിഴമല്ലി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.
 

സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും, എഴുത്തുകാരനുമായ ബോധേശ്വരന്റെയും സംസ്‌കൃത പണ്ഡിതയായ കാർത്യായനി യുടെയും മകളായി ആറന്മുളയിൽ 1934 ൽ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദം. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം. 

പ്രധാന കൃതികൾ  

പാതിരാപ്പൂക്കൾ (കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം)
രാത്രിമഴ (കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം)
പാവം മാനവഹൃദയം 
മുത്തുച്ചിപ്പി 
ഇരുൾച്ചിറകുകൾ 
സ്വപ്നഭൂമി


വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാനം, കേരള & കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, തുടങ്ങി അനേകം പുരസ്കാരങ്ങൾ  ലഭിച്ചിട്ടുണ്ട്.  

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial