ഇനി നമുക്കു കഥകളി ആസ്വദിക്കാം

[കേരളപ്പിറവിക്കു സന്ദേശങ്ങൾ കൈമാറുമ്പോൾ ഒപ്പം ചേർക്കാനുള്ള icon അല്ല കഥകളി. ഓണാഘോഷങ്ങൾക്ക് മാവേലിയോടൊപ്പം വേഷം കെട്ടി നിറുത്താനുള്ളതുമല്ല കഥകളി. മറിച്ചു ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് അത്. കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന കലാരൂപം! പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷെ അൽപ്പം മിനക്കേടുണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും അതു നേരിട്ടു

അനുഭവിക്കുക. മരിക്കും മുൻപ് ചെയ്തിരിക്കേണ്ട 50 കാര്യങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വെള്ളക്കാരൻ കഥകളി ഉൾപ്പെടുത്തിയാൽ മാത്രമേ അതൊന്നു കാണുകയൊള്ളു എന്ന വാശി നമുക്കു കളയാം. അഞ്ചു വേഷക്കാർ അരങ്ങിലും രണ്ടു പാട്ടുകാരും, ചെണ്ടയും മദ്ദളവും അടങ്ങുന്ന സമ്പൂർണ്ണമായ ഒരു സംഘമാണ് ദക്ഷയാഗം അവതരിപ്പിക്കുന്നത്. സാധാരണ ഒന്നോ രണ്ടോ പേർ രംഗത്തും പിറകിൽ CD യിൽ പാട്ടുമായുള്ള 'എക്കണോമി' അവതരണമാണ് നമ്മളെപ്പോലുള്ള വിദേശികൾക്കു ലഭിക്കുന്നത്. ചുട്ടി കുത്തുന്നതു നേരിട്ടു കാണാൻ അവസരമുണ്ട്. കഥയും കഥാ സന്ദർഭങ്ങളും കാഴ്ചക്കാരോട്‌ വിശദീകരിച്ച ശേഷമാണ് അവതരണം. ഈ അപൂർവ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക.]

"ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമര പൂവോ ...."
ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മലയാളി ഉണ്ടായിരിക്കില്ല. മലയാളം അറിയാവുന്ന അമ്മമാർ ഒരിയ്ക്കലെങ്കിലും ഇതൊന്നു മൂളുകയെങ്കിലും ചെയ്തിരിക്കും.

1973 ഇറങ്ങിയ ഏണിപ്പടികൾ എന്ന സിനിമയിലൂടെ "പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ..." എന്ന ശ്രിംഗാര പദം സാധാരണക്കാരുടെ ഇടയിലും പരിചിതമായിത്തീർന്നു.

"കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.." എന്ന കീർത്തനം സ്വാതി തിരുനാൾ എന്ന സിനിമയിലൂടെയും വളരെ പ്രചാരത്തിലെത്തി. ഇതൊക്കെ രചിച്ച ഇരയിമ്മൻതമ്പിയുടെ (1782 - 1856) ആട്ടക്കഥകൾ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗംഎന്നിവയാണ്. അനേകം കീർത്തനങ്ങളും, വർണ്ണങ്ങളും, പദങ്ങളും രചിച്ച ഇരയിമ്മൻതമ്പി  സ്വാതിതിരുനാളിന്റെ സമകാലികനായിരുന്നു.  അദ്ദേഹം സംസ്‌കൃതത്തിലും മണിപ്രവാളത്തിലും എഴുതിയിരുന്നു. 

അവതരണത്തിന്റെ ഘട്ടങ്ങൾ 

കേളികൊട്ട് - ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മേളം. ഇതു സന്ധ്യയോടെ നടത്തുന്നു. കഥകളി ഉണ്ടായിരിക്കും എന്നുള്ളതിനുള്ള അറിയിപ്പാണ് ഇത്.
ഇരുട്ടുമ്പോൾ വിളക്കു വയ്ക്കുന്നു.
അതിനുശേഷം മേളക്കൈ - മദ്ദളവും, ഇലത്താളവും, ചേങ്ങലയും ഉപയോഗിച്ചുള്ള മേളം.
അതിനുശേഷം മദ്ദളത്തിനു മുൻപായി തിരശീല പിടിക്കുന്നു.
തോടയം - പ്രായേണ തുടക്കാക്കാരായ കളിക്കാർ ഈശ്വര പ്രാർഥനാ പരമായ ഗാനങ്ങൾക്ക് അനുസരിച്ചു അമർന്നാടുന്നു.
പാട്ടുകാർ വന്ദന ശ്ലോകം ചൊല്ലുന്നു.
പുറപ്പാട്- പ്രധാനമായ കഥാപാത്രം മറ്റു ചില വേഷങ്ങളോടൊപ്പം ശംഖധ്വനി, ആലവട്ടം, മേലാപ്പ് എന്നിവയോടുകൂടി രംഗ പ്രവേശം ചെയ്യുന്നു.
ഭാഗവതർ പുറപ്പാടു ശ്ലോകം ചൊല്ലുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, ഇലത്താളം ഇവ ചേർന്നുള്ള മേളം ആരംഭിക്കുന്നു.
മേളപ്പദം അഥവാ മഞ്ജുതര - ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ " മഞ്ജുതര കുഞ്ജ തല..." എന്നു തുടങ്ങുന്ന പദം ചൊല്ലുന്നു. അരങ്ങിൽ മേളക്കാർ മാത്രം. തിരശീല ഉണ്ടായിരിക്കില്ല. മേളക്കാർ തങ്ങളുടെ സാമർഥ്യം പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഇനി കഥ ആരംഭിക്കുകയായി.

ദക്ഷയാഗത്തിലേക്കു കടക്കാം.

ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം കഥ ഇപ്രകാരമാണ്...

ബ്രഹ്മപുത്രനായ ദക്ഷന് നദിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ കിട്ടുന്നു. ആകുഞ്ഞിനെ സതി എന്നു പേരിട്ടു വളർത്തുന്നു. സതി ശിവനെ വരിക്കുന്നു. വിവാഹ കർമ്മത്തിനു ശേഷം ഔപചാരികമായി യാത്ര പറയുക പോലും ചെയാതെ ശിവൻ പോകുന്നു. ഇത് ദക്ഷനിൽ നീരസത്തിനു കാരണമായി ത്തീരുന്നു. 

ശിവ സതിമാർ കൈലാസത്തിൽ പാർക്കുന്നു. ദക്ഷൻ ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്താൻ തീരുമാനിക്കുന്നു. ശിവന്റെ താല്പര്യത്തിനു വിരുദ്ധമായി സതി യാഗത്തിനു പോകുന്നു. യാഗശാലയിൽ വച്ച് സതിയെ ദക്ഷൻ ആക്ഷേപിച്ചു മടക്കുന്നു. മടങ്ങി ശിവ സന്നിധിയിൽ എത്തിയ സതി പരാതി പറയുന്നു. പ്രതികാരം ചെയ്യാം എന്നു പറഞ്ഞു ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു.

സതി ഭദ്രകാളിയെ സൃഷ്ഠിക്കുന്നു. ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനോട് ദക്ഷന്റെ യാഗം നശിപ്പിക്കാൻ ആവശ്യപ്പെടുന്നു. യാഗശാല ഭദ്രകാളിയും വീരഭദ്രനും കൂടി നശിപ്പിക്കുന്നു. ദക്ഷന്റെ ശിരച്ഛേദം ചെയ്യുന്നു. ഇതിൽ സതി ദുഃഖിതയാകുന്നു. കഴുത്തിന് മുകളിൽ ആടിന്റെ ശിരസ്സ് വച്ചുകൊണ്ടു ശിവൻ ദക്ഷനെ പുനർ ജനിപ്പിക്കുന്നു.

അനന്തരം സതി അഗ്നിപ്രവേശം ചെയ്യുന്നു.

സതിയോടുള്ള അഗാധ പ്രണയം നിമിത്തം, ശിവൻ സതിയ്ക്ക് പാർവതിയായി പുനർജ്ജന്മം നൽകുന്നു. പാർവതി ശിവന്റെ ഭാര്യ ആയിത്തീരുന്നു.

ഭാഗവതത്തിലും മഹാഭാരതത്തിലും പ്രദിപാതിച്ചിട്ടുള്ള ദക്ഷയാഗം മൂല കഥിയിൽ തന്നെ അന്തരങ്ങൾ ഉണ്ട്. ഇരയിമ്മൻ തമ്പി തന്റെ ദക്ഷയാഗം ആട്ടക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഭാഗവതത്തിൽ ദക്ഷന് പ്രസൂതിയിൽ ജനിച്ച പതിനാറാമത്തെ കുട്ടിയാണ് സതി. മഹാഭാരതത്തിൽ പാർവതി ശിവനോട് ചോദിക്കുന്നു "എന്താണ് അങ്ങയെ ക്ഷണിക്കാതെ ദക്ഷൻ യാഗം നടത്തുന്നത്?" പാർവതിയുടെ വാക്കുകൾ കേട്ടു ശിവൻ കോപാകുലനാകുകയും യാഗം അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ അനേകം വ്യതിയാനങ്ങൾ കണ്ടെത്താവുന്നതാണ്. [ഭാഗവതവും ഭാരതവും വ്യാസ വിരചിതമായി  പരക്കെ അറിയപ്പെടുന്നു എന്നത് മറ്റൊരു തർക്ക വിഷയമാണ്]

സീനുകൾ

സീൻ 1: കുളിക്കാനായി നദിയിൽ പോയപ്പോൾ ഒരു സുന്ദരിയായ പെൺ കുഞ്ഞിനെ കിട്ടിയതും, അവളെ സതി എന്നു പേരിട്ടു വളർത്തി വലുതാക്കിയതും സതിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള വേളയിൽ രാജാവായ ദക്ഷനും പത്നിയും ഓർക്കുന്നു.

സീൻ 2: ശിവ സതിമാരുടെ വിവാഹം. ശിവനും സതിയും ദക്ഷനോട് യാത്ര ചോദിക്കാതെ വേദിയിൽ നിന്നും പുറപ്പെടുന്നു. ദക്ഷൻ കോപിക്കുന്നു. ശിവ സതിമാരെ ക്ഷണിക്കാതെ ഒരു യാഗം നടത്തി പ്രതികാരം വീട്ടാൻ ദക്ഷൻ തീരുമാനിക്കുന്നു.

സീൻ 3: ശിവൻ ദേവന്മാരുടെ ദേവനാണെന്നും സൂക്ഷിക്കണമെന്നും ഇന്ദ്രൻ ദക്ഷനു മുന്നറിയിപ്പു കൊടുക്കുന്നു. അതു പരിഗണിക്കാതെ ദക്ഷൻ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നു.

സീൻ 4: പിതാവു നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സതി ശിവനോടു അനുമതി തേടുന്നു. ആക്ഷേപിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു ശിവൻ സതിക്കു മുന്നറിയിപ്പു നൽകുന്നു. തന്റെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരമാണിത് എന്നും അതുകൊണ്ടു തനിക്കു പോകണം എന്നും സതി പറയുന്നു. അനന്തരം ശിവൻ അനുവദിക്കുന്നു. സതി യാഗത്തിനു പോകുന്നു.

സീൻ 5: സതി എത്തിച്ചേരുമ്പോൾ ദക്ഷൻ പൂജ ചെയ്യുകയാണ്. കോപിഷ്ടനായ ദക്ഷൻ സതിയെ ഭൽസിക്കുകയും താൻ അവളുടെ പിതാവല്ല എന്നു പറയുകയും യാഗ വേദിയിൽ നിന്നും പുറത്തുപോകണമെന്നു ആവശ്യപ്പെടുകയും ചെയ്യുന്നു.

സീൻ 6: തിരികെ എത്തിയ സതി തനിക്കുണ്ടായ അപമാനം ശിവനോട് വിവരിക്കുന്നു. ശിവൻ സതിയെ സാന്ത്വനപ്പെടുത്തുന്നു. പ്രതികാരം ചെയ്യുമെന്നു പറയുന്നു. സതി തന്റെ കോപത്തിൽ നിന്നും സൃഷ്ട്ടിച്ച ഭദ്രകാളിയോടൊപ്പം ശിവൻ തന്റെ സൈന്യാധിപനായ വീരഭദ്രനെ യാഗം തകർക്കുവാനും, ദക്ഷനെ കൊല്ലുവാനും ചുമതലപ്പെടുത്തി പറഞ്ഞയക്കുന്നു.

സീൻ 7: വീരഭദ്രനും ഭദ്രകാളിയും പ്രവേശിക്കുമ്പോൾ ദക്ഷൻ യാഗം തുടരുന്നു. ശിവനോടുള്ള ആദരം കാട്ടാൻ അവർ ദക്ഷനോട് ആവശ്യപ്പെടുന്നു. നിരസിച്ച ദക്ഷന്റെ ശിരച്ഛേദം വീരഭദ്രൻ ചെയ്യുന്നു.

സീൻ 8: ദയ തോന്നിയ ശിവൻ ദക്ഷനു ജീവൻ തിരികെ നൽകാമെന്ന് സതിക്ക് ഉറപ്പുനൽകുന്നു. അനന്തരം ആടിന്റെ ശിരസ്സ് വച്ചു ദക്ഷനെ പുനർജനിപ്പിക്കുന്നു. ദക്ഷൻ ശിവനോടു മാപ്പപേക്ഷിക്കുന്നു. പുഷ്പങ്ങൾ അർപ്പിക്കുന്നു. ശിവൻ ദക്ഷനെ അനുഗ്രഹിക്കുന്നു.

കഥകളി വേഷങ്ങൾ

പച്ച: മുഖത്ത് പച്ച നിറം മുന്നിട്ടു നിൽക്കുന്നു. സാത്വിക കഥാപാത്രങ്ങളെയും സാത്വിക-രാജസ മിശ്രിത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണം: കൃഷ്ണൻ, രാജാക്കന്മാർ

കത്തി: മുഖത്ത് അടിസ്ഥാന നിറം പച്ചയാണെങ്കിലും മുകളിലേക്ക് പിരിച്ചു വച്ച മീശ പോലെ ചുവന്ന നിറത്തിലുള്ള അടയാളം ഉണ്ടായിരിക്കും. മൂക്കിന്റെ തുമ്പിലും, നെറ്റിയുടെ മധ്യത്തിലും വെളുത്ത ഗോളങ്ങൾ  ഉണ്ടായിരിക്കും. ശൗര്യമുള്ള ദുഷ്ട കഥാപാത്രങ്ങളെ അവതരിക്കിപ്പൻ ഉപയോഗിക്കുന്നു. ഉദാഹരണം: രാവണൻ

താടി: മുഖത്ത് താടി ഉണ്ടായിരിക്കും. ചുവന്ന താടി, വെള്ളത്താടി, കറുത്ത താടി എന്നീ വകഭേദങ്ങൾ. ചുവന്ന നിറം താഴെയും, കറുപ്പ് നിറം മേൽ ഭാഗത്തുമായി മുഖം അലങ്കരിക്കുന്നത് ചുവന്ന താടി. ഉദാഹരണം: ബാലി. വെള്ളത്താടി കുറച്ചുകൂടി സാത്വിക കഥാപാത്രമായിരിക്കും. ഉദാഹരണം: ഹനുമാൻ. കറുത്ത താടി വേട്ടക്കാർ, വനവാസികൾ തുടങ്ങിയവർക്കായി ഉപയോഗിക്കുന്നു.

കരി: മുഖത്ത് അടിസ്ഥാന നിറം കറുപ്പ്. വെള്ളയും ചുവപ്പും നിറത്തിൽ അടയാളങ്ങൾ ഉണ്ടായിരിക്കും. നീച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നു. ആൺകരിയും  പെൺകരിയും ഉണ്ട്. ഉദാഹരണം: ശൂർപ്പണഖ 

മിനുക്ക്‌: മുഖത്ത് മഞ്ഞ നിറം. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും ഉപയോഗിക്കുന്നു. ഉദാഹരണം: ദമയന്തി, നാരദൻ.

ഇവയിൽ ഉൾപ്പെടാത്ത പതിനെട്ടോളം പ്രത്യേക വേഷങ്ങളും ഉണ്ട്. ഉദാഹരണം: ഹംസം, ജടായു...

 

അരങ്ങിലും അണിയറയിലും 

ദക്ഷൻ: കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
സതി: കലാമണ്ഡലം വിജയകുമാർ
ശിവൻ: കലാമണ്ഡലം കുട്ടികൃഷ്ണൻ
വീരഭദ്രൻ: കലാമണ്ഡലം സോമൻ
ഭദ്രകാളി: കോട്ടയ്ക്കൽ ദേവദാസൻ
പാട്ട്: കലാമണ്ഡലം മോഹനകൃഷ്ണൻ
പാട്ട്: കലാമണ്ഡലം രാജേന്ദ്രൻ
ചെണ്ട: സദനം രാമകൃഷ്ണൻ
മദ്ദളം: കലാമണ്ഡലം രാജനാരായണൻ
ചുട്ടി: കലാമണ്ഡലം ബാർബറ വിജയകുമാർ
വസ്ത്രം: കലാചേതന
സാങ്കേതികം: ടോം ബ്ലാക്മോർ

[കലാചേതന ദക്ഷയാഗവുമായി നവംബർ 11 നു നമ്മെ തേടി വരുന്നു.   അതു പൂർണമായി ഉൾക്കൊള്ളാൻ നമുക്കു ശ്രമിച്ചു തുടങ്ങാം. കഥകളിയെ അറിയാൻ ശ്രമിക്കാം. കഥകളിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ തുടർച്ചയായി ഇവിടെ ഇടാൻ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.]

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial